: ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ സംസ്ഥാനത്തെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന് എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികത്സയിലാണ്.
ഏഴാം തീയതി ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിലെ യാത്രക്കാരനാണ് കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ദുബൈ അജ്മാനില്‍ സ്വകാര്യ കമ്ബനിയില്‍ പിആര്‍ഒ ആയി ജോലിചെയ്യുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സയ്ക്കായാണ് ഇയാള്‍ നാട്ടിലെത്തിയത്.
ഏഴിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി പിറ്റേന്ന് പുലര്‍ച്ചെ 1.30 ന് പ്രത്യേകം സജ്ജമാക്കിയ 108 ആംബുലന്‍സില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.
ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ പ്രത്യേക വിമാനത്തിലാണ് എടപ്പാള്‍ നടുവട്ടം സ്വദേശി എത്തിയത്. അബുദബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ്. ഏഴിന് രാത്രി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഒരാഴ്ച മുമ്ബ് പനിയുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്ന് രാത്രി 11 ന് ആരോഗ്യ വകുപ്പിന്റെ 108 ആംബുലന്‍സില്‍ കളമശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടിന് രാവിലെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഈ രണ്ട് പേരും മലപ്പുറം സ്വദേശികളെങ്കിലും മറ്റ് ജില്ലകളില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ല. വിമാനത്തില്‍ ഇവരോടൊപ്പം എത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്.
