തിരുവനന്തപുരം : ആശങ്കകള്‍ക്ക് വിരാമമിട്ട് മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാര്‍ ഞായറാഴ്ച ആശ്വാസതീരമണയും. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനത്തെ യാത്രക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ രാവിലെ 9.30ന് കൊച്ചി തുറമുഖത്തെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തും. കേരളത്തിലെ യാത്രക്കാരെ അതത് ജില്ലയിലേക്കും മറ്റ് 19 സംസ്ഥാനത്തുള്ളവരെ അതതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ അയക്കും. യാത്രക്കാരില്‍ ആര്‍ക്കും ഇതുവരെ കോവിഡ് ലക്ഷണങ്ങളില്ല. യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.
മലയാളികള്‍ കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍നിന്നുള്ളവരാണ് കൂടുതല്‍–- 187 പേര്. ആന്ധ്രപ്രദേശ് (8), അസം (1), ഡല്‍ഹി (4), ഗോവ (1), ഹരിയാന (3), ഹിമാചല്‍പ്രദേശ് (3), ജാര്‍ഖണ്ഡ് (2), കര്‍ണാടക (8), ലക്ഷദ്വീപ് (4), മധ്യപ്രദേശ് (2), മഹാരാഷ്ട്ര (3), ഒഡിഷ (2), പുതുച്ചേരി (2), രാജസ്ഥാന് (3), തെലങ്കാന (9), ഉത്തര്‍പ്രദേശ് (2), ഉത്തരാഖണ്ഡ്, -പശ്ചിമബംഗാള്‍ (ഏഴുവീതം) എന്നിങ്ങനെയാണ് മറ്റുള്ളവര്‍. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ മാത്രമേ കപ്പല്‍ വൈകാന്‍ സാധ്യതയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു. പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന്, കസ്റ്റംസ്, ആരോഗ്യവകുപ്പ് എന്നിവയുടെ പരിശോധനകള്‍ക്കുശേഷമാകും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുക. നാവികസേന നല്കുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം തുറമുഖത്ത് എത്തുംമുമ്ബ് യാത്രക്കാര്‍ പൂരിപ്പിച്ചുനല്കണം.
ജില്ല തിരിച്ച് 50 പേരെ വീതം ഇറക്കും. കെഎസ്ആര്‍ടിസി ബസില്‍ 30 പേരെ വീതം ഓരോ ജില്ലയിലേക്കും വിടും. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ പ്രത്യേക വാഹനത്തില്‍ അയക്കും. യാത്രികര്‍ക്ക് ബിഎസ്എന്‍എല്‍ സിം കാര്‍ഡ് നല്‍കും. ഇതില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം. യാത്രക്കാരുടെ ബന്ധുക്കള്‍ക്കും സന്ദര്‍ശകര്‍ക്കും ടെര്‍മിനലില്‍ പ്രവേശനമുണ്ടാകില്ല.
