മലപ്പുറം: കുടുംബ പ്രശ്‌നങ്ങളുടെ ‘ലോക്കഴിച്ച്’ മുപ്പത് എപ്പിസോഡുകൾ പിന്നിട്ട് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഖലീൽ ബുഖാരി തങ്ങളുടെ ‘സ്‌നേഹ കുടുംബം’ ഓൺലൈൻ പഠന ക്ലാസ് ശ്രദ്ധേയമാകുന്നു. ചെറിയ പ്രശ്‌നങ്ങൾ കാരണം കുടുംബ ബന്ധം ശിഥിലമാകുന്ന നവകാലത്ത് ലോക്ക്ഡൗണിനെ ഫലപ്രദമായി കുടുംബങ്ങളിൽ എത്തിക്കുകയാണ് ഈ കുടുംബ ക്ലാസിലൂടെ. ലോക്ക്ഡൗണും നോമ്പും ഒരുമിച്ച് വന്നത് കൊണ്ട് പ്രേക്ഷകർക്ക് ക്ലാസിൽ പങ്കെടുക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായി. മഅദിൻ അക്കാദമിയിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റുഡിയോയിൽ വെച്ചാണ് പ്രഭാഷണം നടത്തുന്നത്.
മാതാപിതാക്കളോടുള്ള കടമകൾ, അമ്മായുമ്മയും മരുമകളും, മക്കളോടുള്ള വിവേചനങ്ങൾ, നാതൂൻ പോര്, കുടുംബത്തിൽ നിലനിൽക്കുന്ന അനാചാരങ്ങൾ, സത്‌സ്വഭാവം, കോപ നിയന്ത്രണം, കുടുംബ ബന്ധം മുറിയുന്ന കാരണങ്ങൾ, കലഹങ്ങളില്ലാത്ത ദാമ്പത്യ ജീവിതം, വിവാഹ മോചനം, സന്താന പരിപാലനം, പുതിയ സാഹചര്യത്തിൽ പ്രാവർത്തികമാക്കേണ്ട കുടുംബ ബജറ്റ് തുടങ്ങി കുടുംബത്തിൽ ഐക്യവും കെട്ടുറപ്പും ഭദ്രതയും ഉറപ്പു വരുത്താനുതകുന്ന വിഷയങ്ങളാണ് കഴിഞ്ഞ എപ്പിസോഡുകളിൽ ചർച്ച ചെയ്തത്.
എല്ലാ ദിവസവും കൃത്യം 1.30 ന് തുടങ്ങി 2.00 മണിക്ക് അവസാനിക്കുന്നത് കൊണ്ട് തന്നെ ക്ലാസിനു വേണ്ടി എല്ലാ കർമങ്ങളും പൂർത്തിയാക്കി ആയിരക്കണക്കിന് പ്രേക്ഷകരാണ് ഓൺലൈനിലെത്തുന്നത്. നാട്ടിലെ പ്രേക്ഷകർക്ക് പുറമെ വിവിധ രാജ്യങ്ങളിലെ മലയാളി കുടുംബങ്ങൾ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.
കുടുംബ പ്രശ്‌നങ്ങളിലെ പരിഹാരങ്ങൾക്കായി നിരവധി കുടുംബങ്ങൾ തന്നെ സമീപിക്കാറുണ്ടെന്നും ഈ ലോക്ക്ഡൗൺ കാലത്ത്് കുടുംബ ജീവിതം സമാധാന പൂർണമാക്കാൻ ഈ ക്ലാസ് ഉപകരിക്കുമെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. പല കാരണങ്ങളാൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ക്ലാസിനെ ആസ്പദമാക്കി സമഗ്രമായ ഗ്രന്ഥം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കുടുംബ വിഷയങ്ങളെ പ്രതിപാദിച്ച് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി രചിച്ച 304 പേജുള്ള ഓർമക്കൂട്ട് കുടുംബിനികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മുഴുവൻ അധ്യായങ്ങളും ക്യൂ ആർ കോഡ് സിസ്റ്റത്തിൽ സംവിധാനിച്ച ഈ പുസ്തകം കുറഞ്ഞ സമയത്തിനുള്ളിൽ എട്ട് എഡിഷനുകളിലായി പതിനയ്യായിരത്തോളം കോപ്പികൾ വായനാലോകത്തെത്തിയിട്ടുണ്ട്
സ്നേഹ കുടുംബം പരിപാടി റമളാൻ കഴിയുന്നത് വരെ തുടരും. മഅ്ദിൻ അക്കാദമി യൂട്യൂബ്, ഫെയ്സ്ബുക്ക് ഒഫീഷ്യൽ പേജുകളിലാണ് സംപ്രേഷണം. ഓരോ ദിവസത്തെ ക്ലാസിനെ ആസ്പദമാക്കി വിജ്ഞാന പരീക്ഷയും സംഘടിപ്പിച്ച് വരുന്നുണ്ട്. ക്ലാസുകൾ വീക്ഷിക്കുന്നതിനായി:www.youtube.com/MadinAcademy
