മലപ്പുറം-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല.
പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
