ദുബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ യു.എ.ഇ പൗരന്‍മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരം. ഇവരെ നാട്ടിലെത്തിക്കുന്നതിന് വിമാനസര്‍വ്വീസ് സുനരാരംഭിക്കാന്‍ ഇന്ത്യയുടെയും യു.എ.ഇയുടെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. ഇന്ത്യാ സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷനിലോ യു.എ.ഇയുടെ ചാര്‍ട്ടര്‍ വിമാനങ്ങളിലോ ഇവര്‍ക്ക് യാത്രാ സൗകര്യമൊരുക്കും. കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് യാത്രക്ക് ആവശ്യമാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി യു.എ.ഇ പൗരന്‍മാരാണ് ഇന്ത്യയില്‍ കുടങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് പൗരന്‍മാരെ യു.എ.ഇ നാട്ടിലെത്തിച്ചെങ്കിലും ഇന്ത്യയില്‍ നിന്ന് വിമാന സര്‍വ്വീസ് അനുവദിക്കാത്തതിനാല്‍ ഇവരുടെ യാത്ര അനന്തമായി നീളുകയായിരുന്നു. ചികില്‍സക്കും വ്യാപാര ആവശ്യങ്ങള്‍ക്കും മറ്റുമായി എത്തിയവരാണ് ഇന്ത്യയില്‍ കുടുങ്ങിയത്.
