പത്തനംതിട്ട പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കയറ്റിറക്ക് ഉള്‍പ്പെടെയുള്ള ജോലികളില്‍ കരാറുകാരുടെ തൊഴിലാളികള്‍ക്കൊപ്പം പ്രദേശവാസികളായ ആദിവാസികളടക്കമുള്ള തൊഴിലാളികളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പ്രദേശവാസികളായ തൊഴിലാളികള്‍ക്ക് ജോലിനല്‍കണമെന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. നിലവിലുള്ള കൂലി വ്യവസ്ഥയിലായിരിക്കും ഇവര്‍ക്ക് ജോലി നല്‍കുക. ട്രാക്ടറിലെ കയറ്റിറക്ക് സംബന്ധിച്ച് ബന്ധപ്പെട്ട കരാറുകാരുമായി പ്രത്യേകം ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ദേവസ്വം ബോര്‍ഡിന്റെ പൂജവഴിപാട് സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ച നടത്തും. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ ആര്.രവിശങ്കര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, കരാറുകാര്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
