കോഴിക്കോട് മലയാളസര്‍വകലാശാലയിലെ വിവിധ എം.എ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ആദ്യഘട്ട പ്രവേശനം ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും. 10 മുതല്‍ രണ്ടാം ഘട്ട പ്രവേശനം ആരംഭിക്കും. 20ന് മൊത്തം പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും. ക്ലാസ്സുകള്‍ 17ന് ആരംഭിക്കും. ഇന്റര്‍വ്യൂ തിയതി രേഖാമൂലവും ഇമെയില്‍, ഫോണ്‍ സന്ദേശം മുഖേനയും വിദ്യാര്‍ത്ഥികളെ അറിയിക്കുന്നുണ്ട്. സംവരണ സീറ്റുകളില്‍ പവേശനത്തിന് അര്‍ഹത നേടിയവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ (www.malayalamuniverstiy.edu.in) ലഭ്യമാണ്. ഇവര്‍ ആഗസ്റ്റ് 12ന് മുമ്പ് പ്രവേശനം നേടണം. കേരളത്തിലെ എട്ട് കേന്ദ്രങ്ങളില്‍ നടന്ന പ്രവേശന പരീക്ഷയുടെയും ബിരുദ പരീക്ഷയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് എം.എ പ്രവേശനം. പ്രവേശനത്തിന് അര്‍ഹത നേടിയ 60 പേരുടെ വീതം ലിസ്റ്റ് ഓരോ വകുപ്പിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊത്തം ലഭിച്ച ആയിരത്തിലധികം അപേക്ഷകരില്‍ നിന്നാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഓരോ കോഴ്‌സിനും 20 സീറ്റുകള്‍ വീതമാണുള്ളത്. സാഹിത്യപഠനം, സാഹിത്യരചന, ഭാഷാശാസ്ത്രം, സംസ്‌കാരപൈതൃക ചരിത്രപഠനം, തദ്ദേശവികസനപഠനം, മാധ്യമപഠനം, ചലച്ചിത്രപഠനം, ചരിത്രം, സാമൂഹ്യശാസ്ത്രം, പരിസ്ഥിതിപഠനം എന്നീ വിഷയങ്ങളിലാണ് എം.എ കോഴ്‌സുകള്‍. കലണ്ടറനുസരിച്ചുള്ള കൃത്യമായ പരീക്ഷാ നടത്തിപ്പും അക്കാദമിക മികവും, പ്ലേസ്‌മെന്റ് സെല്ലിന്റെ സജീവമായ പ്രവര്‍ത്തനവും ഹോസ്റ്റല്‍ സൗകര്യവും ഇത്തവണ അപേക്ഷകരുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ 1.78 കോടി ചെലവില്‍ ഓസ്‌ട്രേലിയന്‍ ടെക്‌നോളജിയില്‍ പണി പൂര്‍ത്തിയാക്കിയ അത്യാധുനിക ലൈബ്രറി കൂടി പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു.
