മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമിതിയുടെ കീഴിലുള്ള ‘അലിഫ്’ മീഡിയ ഡിജിറ്റല്‍ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു. ആത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലികുട്ടി എം.പി. നിര്‍വഹിച്ചു. സര്‍ക്കാര്‍ വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകളില്‍ അറബിയുള്‍പ്പെടെയുള്ള ഭാഷകളെ ഉള്‍പ്പെടുത്താതെ വിവേചനം കാണിച്ചപ്പോള്‍ അതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം അലിഫ് മീഡിയ വഴി അറബി ഭാഷാപഠനം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമക്കാനുള്ള കെ.എ.ടി.എഫിന്റെ പ്രയത്നം മാതൃകാപരമാണെന്ന് പി.കെ. കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു.
കേരളത്തിലെ അറബി ഭാഷാധ്യാപകര്‍ എക്കാലത്തും സമൂഹത്തിന്റെ മുന്നില്‍ നിന്ന് ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാണ്. പൊതുവിദ്യാലയങ്ങളില്‍ അറബി ഭാഷ പഠിപ്പിക്കുന്നതോടൊപ്പം സമൂഹത്തെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉന്നതിയില്‍ എത്തിക്കുന്നതിന് നേതൃത്വപരമായ പങ്കാണ് കെ.എ.ടി.എഫ്. നടത്തുന്നത്. അതിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നതിനോടൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വപിന്തുണയും ഉണ്ടാകുമെന്നും പി.കെ. കുഞ്ഞാലികുട്ടി എം.പി. പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ കെ.എ.ടി എഫ്. സംസ്ഥാന പ്രസിഡന്റ് എം.വി. അലികുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ ഹഖ്, ട്രഷറര്‍ എം.പി. അബ്ദുല്‍ഖാദര്‍, സംസ്ഥാന ഭാരവാഹികളായ എസ്.എ. റസാഖ്, മന്‍സൂര്‍ മാടമ്പാട്ട്, ടി.പി.എ. റഹിം, ജില്ല പ്രസിഡന്റ് സി.പി. മുഹമ്മദ്കുട്ടി, ട്രഷറര്‍ എം.പി. ഫസല്‍, സംസ്ഥാന ഐ.ടി. വിംഗ് കണ്‍വീനര്‍ സി.എം. മിസ്ഹബ്, ലത്തീഫ് മംഗലശ്ശേരി, അസ്‌ലം തിരൂര്‍, അബ്ദുല്‍അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
