ബ്രഹ്‌മഗിരി സൊസൈറ്റി വെബിനാര്‍: കേരളത്തിന് വേണ്ടത് സഹകരണ കൃഷി -മന്ത്രി വി.എസ്.സുനില്‍കുമാര്‍

കല്‍പ്പറ്റ: കോണ്‍ട്രാക്റ്റ് ഫാമിംങ്ങിന് പകരം കോ-ഓപ്പറേറ്റീവ് ഫാമിംഗ് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച എം. വേലായുധന്‍ അനുസ്മരണ വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാര്‍ അവശ്യവസ്തു നിയമം ഭേദഗതി ചെയ്തതിലൂടെയും കോണ്‍ട്രാക്റ്റ് ഫാമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതിലൂടെയും കാര്‍ഷിക വിപണി കുത്തക കമ്പനികളുടെ നിയന്ത്രണത്തിലാകും. വന്‍കിട എസ്റ്റേറ്റ് ഉടമകളും കുത്തക കമ്പനികളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിന് കോണ്‍ട്രാക്റ്റ് ഫാമിംഗ് വഴി തുറക്കും. കോര്‍പ്പറേറ്റ് ജന്‍മിത്വത്തെ സഹകരണ മേഖലയിലൂടെ നേരിടാനാണ് ഉദ്ദേശിക്കുന്നത്. കോണ്‍ട്രാക്റ്റ് ഫാമിംഗ് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പ്രാഥമിക ഉത്പാദന രംഗത്ത് കര്‍ഷകന് അധിക വരുമാനം ലഭിക്കുന്നില്ല. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം കര്‍ഷകന് ലഭിക്കുന്നതിനായാണ് കാര്‍ഷിക സഹകരണ സംഘങ്ങളേയും കര്‍ഷക കൂട്ടായ്മകളേയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. കോണ്‍ട്രാക്റ്റ് ഫാമിംഗിന് ബദലായി സഹകരണ ക്യഷി സര്‍ക്കാര്‍ ശക്തിപ്പെടുത്തും. തനത് വിളകളിലൂടെ കേരളത്തിന് കാര്‍ഷിക സ്വയം പര്യാപ്തത കൈവരിക്കാനാകും. ഇതിനായാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ‘സുഭിക്ഷ കേരളം പദ്ധതിക്ക്’ സര്‍ക്കാര്‍ തുടക്കമിട്ടത്. ശാസ്ത്രീയ കൃഷി രീതികള്‍ കര്‍ഷകരിലെത്തിക്കാന്‍ ബ്ലോക്ക് തല കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കമിടും. കൃഷി ശാസ്ത്രജ്ഞരെ ലാബുകളില്‍ നിന്നും മണ്ണിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന മാര്‍ക്കറ്റുകളെ ആധുനികവത്ക്കരിക്കുന്നതോടൊപ്പം സഹകരണ മാര്‍ക്കറ്റുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വയനാട്ടിലെ കാര്‍ഷിക മുന്നേറ്റങ്ങള്‍ക്ക് എം. വേലായുധന്റെ പങ്ക് വാക്കുകള്‍ക്ക് അതീതമാണെന്നും വയനാടന്‍ കര്‍ഷകര്‍ക്കിടയില്‍ ബ്രഹ്‌മഗിരി നടത്തുന്ന ഇടപെടല്‍ അഭിനന്ദാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു.സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തി. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ്, സി.പി.ഐ.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍. സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, കെ.സദാനന്ദന്‍ (ബി.ജെ.പി), പി.എ. മുഹമ്മദ്, എം.മധു, ബ്രഹ്‌മഗിരി സി.ഇ.ഒ. പി.എസ്. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
ഉച്ചക്ക് നടന്ന ‘കാര്‍ഷികാസൂത്രണവും മൂലധനവും സഹകരണ മേഖലയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ നടന്ന വെബിനാര്‍ മുന്‍ പാര്‍ലമെന്റ് അംഗം കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായ പരിപാടിയില്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വെബിനാറിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10.30 ന് ‘സുഭിക്ഷ കേരളം പദ്ധതി – കാര്‍ഷികാസൂത്രണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും’ എന്ന വിഷയത്തില്‍ നടത്തുന്ന ചര്‍ച്ച ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന ‘കൃഷിയുടെ കോര്‍പ്പറേറ്റ് വത്ക്കരണം – ബദല്‍ വിപണി സാധ്യതകള്‍’ വെബിനാറില്‍ ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ് വിഷയാവതരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *