കൊച്ചി പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഭാരപരിശോധന വേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സുപ്രീംകോടതി അനുവാദം നല്കി.
മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യംവെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാബിനറ്റ് ചുമതലപ്പെടുത്തിയ ഇ ശ്രീധരനോട് ഫോണില്‍ ആശയവിനിമയം നടത്തുകയും അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
അപകടാവസ്ഥയിലായ പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനിന്നിരുന്ന കേസില്‍ വിശദമായ വാദം കേട്ട കോടതി പൊതുജനതാല്പര്യാര്ത്ഥം കേരള സര്‍ക്കാരിന്റെ സുചിന്തിതമായ നിലപാടുകള്‍ ശരിവയ്ക്കുകയും ഭാരപരിശോധന വേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് അനുവാദം നല്കിയിരിക്കുകയും ചെയ്തു.
