ജലാശയത്തില്‍ മുങ്ങിത്താഴുന്ന കാറിലെ യാത്രക്കാരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍

ദുബായ്: യാത്രക്കാരുമായി വെളളത്തിലേക്ക് വീണ കാര്‍ മുങ്ങിത്താഴുന്നു. നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും മുങ്ങും. ഉളളിലുളളവര്‍ ജീവനായി പിടിയുന്നു. സംഭവം കണ്ട് ചിലര്‍ എത്തിയെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. ഇതിനിടെ വിവരമറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. പിന്നെല്ലാം കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. മുങ്ങല്‍ വിദഗ്ദ്ധര്‍ ഉള്‍പ്പടെയുളളവര്‍ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി. കാറില്‍ അകപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലാക്കി. പിന്നീട് കാറും വെളളത്തില്‍ നിന്ന് പുറത്തെടുത്തശേഷമാണ് പൊലീസ് മടങ്ങിയത്.

അന്താരാഷ്ട്ര ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ ഡേയോടനുബന്ധിച്ച്‌ ദുബായ് പൊലീസ് പുറത്തുവിട്ട വീഡിയോയിലെ രംഗമാണിത്. അപകടത്തെക്കുറിച്ചുളള വിവരം ലഭിച്ചാല്‍ എങ്ങനെയാണ് ദുബായ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകത്തെ മനസിലാക്കിക്കൊടുക്കുയാണ് വീഡിയാേയുടെ ലക്ഷ്യം. പാറക്കെട്ടില്‍ അകപ്പെട്ടയാളെ പൊലീസ് നായയുടെ സഹായത്തോടെ രക്ഷപ്പെടുത്തുന്നതും മരുഭൂമിയില്‍ അകപ്പെട്ടുപോയ കുടുംബത്തെ കണ്ടുപിടിക്കുന്നതും അപകടത്തില്‍പ്പെട്ട വാഹനത്തിലുളളവരെ പുറത്തെടുക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.

അത്യന്താധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ദുബായ് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനം. അതിനാല്‍ അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ നഷ്ടപ്പെടാനുളള സാദ്ധ്യത വളരെക്കുറവാണ്. അപകട സന്ദേശം ലഭിച്ചുകഴിഞ്ഞാല്‍ ഞൊടിയിടയ്ക്കുളളില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരിക്കും. രക്ഷപ്പെടുത്തുന്നവരെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടറിന്റെ സഹായവും ആവശ്യമെങ്കില്‍ ലഭിക്കും. ഇതിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. ഹെലികോപ്ടര്‍ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നത് രക്ഷാപ്രവര്‍ത്തകര്‍ തന്നെയാണ്. ലോകത്തെ ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തന ശൃംഘലയുളള രാജ്യങ്ങളില്‍ ഒന്നാണ് ദുബായ്. പൊലീസ് പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *