എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക്; കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : ജോസ്. കെ.മാണി ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ പരിഹസിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാ അഴിമതിക്കാരും എല്‍.ഡി.എഫ് കൂടാരത്തിലേക്ക് എത്തി. അഴിമതി കേസുകള്‍ കാണിച്ച്‌ ജോസ് കെ.മാണിയെ രാഷ്ട്രീയമായി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബാര്‍ക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിം​ഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോ​ഗിച്ചാണ് സിപിഎം കേരളാ കോണ്‍​ഗ്രസിനെ ബ്ലാക്ക്മെയില്‍ ചെയ്തത്.
മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയന്‍. ഇപ്പോള്‍ നോട്ടെണ്ണല്‍ യന്ത്രം പിണറായി വിജയന് ആവശ്യമായത് കൊണ്ടാണോ കേരളാകോണ്‍​ഗ്രസ് ഇടതുമുന്നണിയിലെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാലാരിവട്ടം കേസ് ഉള്‍പ്പെടെയുള്ള മുസ്ലിം ലീ​ഗിന്റെ എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ച്‌ അവരെ കൂടി ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നത് എന്നാണെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത്. ബാര്‍ക്കോഴ കേസ് തേയ്ച്ചുമായ്ച്ചു കളയാനാവില്ല. നിയമസഭാ രേഖകളില്‍ പരാമര്‍ശിച്ച വലിയ അഴിമതിക്കേസാണത്. രാഷ്ട്രീയമായി ആരെ വേണമെങ്കിലും ഭരണപക്ഷത്തിന് കൂടെ നിര്‍ത്താം.

പക്ഷെ അഴിമതിക്കേസുകള്‍ അട്ടിമറിക്കരുത്. കേരളകോണ്‍​ഗ്രസ് യുഡിഎഫ് വിട്ടതോടെ മധ്യകേരളത്തിലും മധ്യതിരുവിതാംകൂറിലും കോണ്‍​ഗ്രസ് ദുര്‍ബലമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ മത്സരം ഇടതുമുന്നണിയും എന്‍ഡിഎയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *