തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍ പരിശോധിക്കാന്‍ നിയമസഭാ സമിതി. ലൈഫ് മിഷന്‍ സംബന്ധിച്ച ഫയലുകള്‍ ഇ.ഡി ആവശ്യപ്പെട്ടതിന് പിന്നാലെ സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇ.ഡിയോട് വിശദീകരണം തേടുക.
സംസ്ഥാനത്തൊട്ടാകെയുള്ള ലൈഫ് മിഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന വിധത്തിലാണ് ഇ.ഡിയുടെ ഇടപെടലെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. ലൈഫ് മിഷനില്‍ അഴിമതി ആരോപണം ഉയര്‍ന്നത് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണത്തില്‍ മാത്രമാണ്.
പദ്ധതി ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായുകയാണ് ഇ.ഡി ചെയ്യുന്നത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാന്‍ അനുവദിക്കാത്ത തരത്തിലാണ് ഇ.ഡി നടപടി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
പരാതി പരിഗണിച്ച സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാനാണ് നീക്കം.
