രാഷ്ട്രീയ വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിക്കും. ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ട് ചെയ്ത ശേഷം മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തുടരണമെന്ന ജനങ്ങളുടെ ആഗ്രഹം ജയിക്കും. യുഡിഎഫിനകത്ത് കലാപമാണ്. ഐക്യമില്ലാത്തവര്‍ എങ്ങനെ തദ്ദേശ സ്ഥാപനങ്ങള്‍ ഭരിക്കും. അവിശുദ്ധ സഖ്യമുണ്ടാക്കുന്ന യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയുണ്ടാകും. വടക്കാഞ്ചേരി ഫ്ലാറ്റിനെ ചൊല്ലിയുള്ളത് അനാവശ്യ വിവാദമാണ്. വീട് മുടക്കുന്നവര്‍ക്കല്ല കൊടുക്കുന്നവര്‍ക്കാണ് വോട്ട് ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു. എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറും പ്രതികരിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഹൈബി ഈഡന്‍ എംപി. പോളിങ് ശതമാനം കൂടുന്നത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഹൈബി ഈഡന്‍ എറണാകുളത്ത് പറഞ്ഞു.
