മട്ടന്നൂര്‍: വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്ക് ഇടിവെട്ടേറ്റത് പോലെ ആ വാര്‍ത്ത എത്തിയത്.
സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി
മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ‘ഭര്‍ത്തൃമതി’യാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്. പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാന്‍ വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തരോടും പറഞ്ഞത്.
സ്ഥാനാര്‍ത്ഥി പിന്നെ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്. വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ത്ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതോടെ ഇരുവരും വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.
യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്തു. സ്ഥാനാര്‍ത്ഥി മുങ്ങിയതോടെ നാട്ടുകാരോട് മറുപടി പറയാനാവാത്ത അവസ്ഥയിലാണ് വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍.
