റോഡരികിലെ കുഴിയില്‍ വീണ് ചികില്‍സയിലായ സി.പി.എം.നേതാവ് മരിച്ചു

തൃശൂര്‍: കേച്ചേരിയില്‍ സ്‌കൂട്ടര്‍ യാത്രക്കിടെ റോഡരിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന സി.പി.എം.നേതാവ് മരിച്ചു.സി.പി.എം കേച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജരുമായ തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജെയിംസ് (65) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കേച്ചേരിയില്‍ നിന്ന് ചൂണ്ടലിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് പാറന്നൂരില്‍ വച്ച് റോഡരികിലെ സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി എടുത്ത കുഴിയില്‍ ജെയിംസ് വീണത്. സ്‌കൂട്ടറില്‍ വന്ന ജെയിംസ് സിഗ്നല്‍ ബോര്‍ഡില്‍ തട്ടി കുഴിയില്‍ വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ കേച്ചേരി ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ജെയിംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്ക് സാരമായി പരിക്കേറ്റിരുന്നു.
തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ റോഡ് വെട്ടിപൊളിച്ചാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് പൈപ്പ് ലൈന്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. കാണിപ്പയ്യൂര്‍, പാറേമ്പാടം എന്നിവടങ്ങളിലെ കുഴികളില്‍ വീണ് രണ്ടു യുവാക്കള്‍ക്ക് നേരത്തെ ഗുരുതരമായി പരിക്കേറ്റിരുന്നു.അപകടത്തെത്തുടര്‍ന്ന് ജയിംസിന്റെ സഹോദരന്‍ സി എഫ് ബെന്നി അദാനി കമ്പനിക്കെതിരെ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *