ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സ്മരിച്ച പ്രധാനമന്ത്രി മോദി ഇന്ന് അവര്‍ക്കായുള്ള എഐആര്‍ (ഓള്‍ ഇന്ത്യ റേഡിയോ) വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉദ്ഘാടനം ചെയ്യും. ബലൂച് ശ്രോതാക്കളെ ലക്ഷ്യംവച്ചാണ് എഐആര്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കുന്നത്. ബലൂചി ഭാഷയില്‍ എഐആറിന്റെ വിദേശ സര്‍വീസ് ഡിവിഷന്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. 1974-75ലാണ് ഇതാരംഭിച്ചത്. ബലൂചി ഉള്‍പ്പെടെ 15 വിദേശ ഭാഷകളില്‍ എഐആറിന്റെ വിദേശ വിഭാഗം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ രാജ്യങ്ങളിലെ ഭാഷകളാണ് ഇതില്‍ ഏറിയ പങ്കും.
