സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ഗുരുതര പരിക്കോടെ ആശുപത്രിയില്‍. കാലില്‍ സ്റ്റമ്പ് തുളഞ്ഞുകയറിയതാണ് അപകട കാരണം. എന്നാല്‍, എല്ലിന് പൊട്ടല്‍ ഇല്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. കാലിനേറ്റ മുറിവില്‍ 30 തുന്നിക്കെട്ടുകള്‍ ഇടേണ്ടിവന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് സ്റ്റാര്‍ക്കിന്റെ കാലില്‍ ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച പരിശീലനത്തിനിടെയാണ് ഇടങ്കയ്യന്‍ പേസര്‍ക്ക് പരിക്കേറ്റതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍നിന്ന് സ്റ്റാര്‍ക്കിന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. പരിക്കില്‍നിന്നു പൂര്‍ണമോചിതനാകാന്‍ മൂന്നാഴ്ചയില്‍ അധികം വിശ്രമം ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓസ്‌ട്രേലിയയ്ക്കായി 28 ടെസ്റ്റില്‍നിന്ന് 115 വിക്കറ്റും 52 ഏകദിനത്തില്‍നിന്ന് 101 വിക്കറ്റും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട്.
