കൊണ്ടോട്ടി (മലപ്പുറം): സ്ത്രീയെ ഉപയോഗിച്ച് ഫോണില്‍ വിളിപ്പിച്ച് കെണിയില്‍ കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശി ജിഷാദ് (32), പെരുവള്ളൂര്‍ സ്വദേശി യാകൂബ് (38) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കര്‍ണാടക, ഗോവ യുവതികളെ കരിപ്പൂരില്‍ എത്തിച്ചാണ് തട്ടിപ്പ്. ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. പെരിന്തല്‍മണ്ണ സ്വദേശി 2020 ജൂണില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം.
കരിപ്പൂരില്‍ വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഈ കേസില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ വേങ്ങര വാളക്കുട സ്വദേശി ശിഹാബിനെ കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മറ്റൊരു കേസില്‍ കര്‍ണാടക ജയിലിലാണ്.
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയുമെന്നാണ് കേസ്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ട്. തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
