ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഊരായ്കോട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിെന്റ മാതാവ് രേഷ്മയെ പൊലീസ് സംഘം ജയിലിലെത്തി ചോദ്യംചെയ്തു. അറസ്റ്റ് ചെയ്യുമ്ബോള്‍ കോവിഡ് പോസിറ്റീവായിരുന്ന രേഷ്മ നെഗറ്റീവായതിനെ തുടര്‍ന്നാണ് പാര്‍പ്പിച്ചിരുന്ന അട്ടകുളങ്ങര ജയിലിലെത്തി പൊലീസ് ചോദ്യംചെയ്തത്.
മുന്‍കൂട്ടി തയാറാക്കിയ ചോദ്യവലിയുമായി എത്തിയ പൊലീസിനോട് ഒന്നും പ്രതികരിക്കാന്‍ രേഷ്മ തയാറായില്ല. ഫേസ്ബുക്ക് ഐ.ഡിയെക്കുറിച്ചോ ആത്മഹത്യചെയ്ത ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവരെക്കുറിച്ചോ ഒന്നും തന്നെ പ്രതികരിച്ചില്ല.
കോടതിയുടെയും ജയില്‍ അധികൃതരുടെയും അനുവാദം വാങ്ങിയാണ് പാരിപ്പള്ളി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യംചെയ്യാന്‍ ജയിലിലെത്തിയത്.
ബന്ധുക്കള്‍ അറിയാതെ കുഞ്ഞിനെ ഒറ്റക്ക് ഉപേക്ഷിക്കാന്‍ രേഷ്മക്ക് കഴിയില്ലെന്ന വിശ്വാസത്തിലുറച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
