ബാഴ്സലോണ: ഫുട്ബാള്‍ ലോകത്തിലെ അറിയപ്പെടുന്ന കമിതാക്കളാണ് ബാഴ്സലോണ പ്രതിരോധനിര താരം ജെറാര്‍ദ് പിക്ക്വെയും പോപ്പ് ഗായിക ഷക്കീരയും.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണ്. പിക്ക്വെയെ മറ്റൊരു പെണ്‍കുട്ടിയുടെ ഒപ്പം ഷക്കീര പിടികൂടിയതാണ് ഇരുവരും വേര്‍പിരിയാന്‍ കാരണമെന്ന് ചില സ്പാനിഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു.
കുറച്ചുനാളുകളായി പിക്ക്വെ ബാഴ്സലോണയിലുള്ള തന്റെ അവധിക്കാല ബംഗ്ലാവിലാണ് താമസം. പിക്ക്വെയും ഷക്കീരയും അടുപ്പത്തിലായതു മുതല്‍ ഷക്കീരയുടെ വീട്ടിലായിരുന്നു ഇരുവരും താമസം. എന്നാല്‍ അടുത്തിടെയായി ബാഴ്സലോണയിലെ പിക്ക്വെയുടെ അയല്‍ക്കാര്‍ താരത്തെ സ്ഥിരമായി ഒഴിവുകാല ബംഗ്ളാവില്‍ കാണാറുണ്ടെന്നും കൂടെനിരവധി സുഹൃത്തുക്കളുണ്ടെന്നും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല രാത്രി വെളുക്കുവോളം മിക്ക ദിവസങ്ങളിലും ഇവിടെ പാര്‍ട്ടി നടക്കാറുണ്ടെന്നും പിക്ക്വെയുടെ സുഹൃത്തുക്കള്‍ക്കൊപ്പം നിരവധി പെണ്‍കുട്ടികളും ഇവിടെ ഇപ്പോള്‍ സ്ഥിരം സന്ദര്‍ശകരാണെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി.
ഷക്കീരയുടെ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാദ്ധ്യമ പ്രൊഫൈലുകളില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്ന പിക്ക്വെയെകുറിച്ച് ഷക്കീര ഇപ്പോള്‍ ഒന്നും സമൂഹമാദ്ധ്യമങ്ങളില്‍ ഇടാത്തതും ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പൊതുവേ സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ രണ്ടുപേരുടെയും അക്കൗണ്ടുകള്‍ കുറച്ചുനാളുകളായി നിശ്ചലമായി കിടക്കുന്നതും കിംവദന്തികള്‍ക്ക് ശക്തി നല്‍കുന്നുണ്ട്. 2010 ലോകകപ്പ് ഫുട്ബാളിന്റെ സമയത്താണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
