കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസിന്റെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കുണ്ടായ തോല്‍വിയില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍.
‘ സംസ്ഥാന സര്‍ക്കാരിനേറ്റിട്ടുള്ള ഏറ്റവും വലിയ തിരിച്ചടിയാണ്. സര്‍ക്കാരിന്റെ വര്‍ഗീയ പീഢന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചത്. പ്രധാനമായും ചില ഘടകങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാമതായി ശക്തമായ സഹതാപതരംഗം ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. തൃക്കാക്കരയിലെ ജനങ്ങള്‍ പി ടി തോമസിനെ ഇപ്പോഴും സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ഈ സഹതാപ തരംഗം. രണ്ടാമത് സംസ്ഥാന സര്‍ക്കാര്‍ ഏകാധിപത്യമായി നടത്തുന്ന പ്രവര്‍ത്തനങ്ങളോടുള്ള ശക്തമായ എതിര്‍പ്പാണ്. പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള മതഭീകരവാദ സംഘടനകളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ആ പ്രതിഷേധമാണ് തൃക്കാക്കരയില്‍ കണ്ടത്. പ്രത്യേകിച്ച് ഹൈന്ദവ, ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്കിടയില്‍ എല്‍ ഡി എഫിനെതിരെ ശക്തമായ വികാരം പ്രതിഫലിച്ചു. ആലപ്പുഴയിലെ സംഭവവികാസങ്ങളും പോപ്പുലര്‍ ഫ്രണ്ടിന്റെ അതിക്രമങ്ങളും നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം വലിയ രീതിയിലുള്ള ദ്രുവീകരണത്തിന് കാരണമായി എന്നാണ് യു ഡി എഫിന്റെ വിജയം കാണിക്കുന്നത്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം വളരെ ദുര്‍ബലമായ മണ്ഡലമായിരുന്നു. ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. വോട്ട് ഏതാണ്ട് നിലനിര്‍ത്താനും കഴിഞ്ഞു. ഇതില്‍ നിന്നെങ്കിലും സര്‍ക്കാര്‍ പാഠം പഠിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതിരുന്നിട്ടും കെ റെയില്‍ വിഷയത്തില്‍ കല്ല് സ്ഥാപിക്കാനും സര്‍വേ നടത്തുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ്.’- സുരേന്ദ്രന്‍ പറഞ്ഞു.
