ട്രെയിനില്‍ 16കാരിക്ക് നേരെ അതിക്രമം; മൂന്ന് പേരെ തിരിച്ചറിഞ്ഞു

കൊച്ചി: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 കാരിയോട് അതിക്രമം കാട്ടിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.

അഞ്ച് പ്രതികളില്‍ മൂന്ന് പേരെയാണ് എറണാകുളം റെയില്‍വേ പൊലീസ് തിരിച്ചറിഞ്ഞത്. 50 വയസ് പിന്നിട്ട, എറണാകുളത്ത് ജോലി ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരായ തൃശ്ശൂര്‍ ‍ സ്വദേശികളാണ് ഇവര്‍. ഇവര്‍ ഒളിവിലാണ്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടേതെന്നു സംശയിക്കുന്ന ഗാര്‍ഡ് എടുത്ത ചിത്രവും പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങളും അക്രമികളിലൊരാളുടെ ദൃശ്യം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയതും പോലീസിന് കൈമാറിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ ട്രെയിനിലായിരുന്നു സംഭവം. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് സംഘം പിതാവിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് പിടിക്കാനും അശ്ലീലം പറയാനും തുടങ്ങിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *