തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെയുള്ള ആക്രമണം വന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു .
സി പി എമ്മിനെതിരേയും എല്‍ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് എ കെ ജി സെന്ററിനെതിരെ ആക്രമണം നടന്നത്. നാട്ടില്‍ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ആക്രമണം ഉണ്ടായ എ കെ ജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ 11.30യോടെ ആണ് എ കെ ജി സെന്ററിലേക്ക് ആക്രമണം ഉണ്ടായത്.സ്കൂട്ടറിലെത്തിയ ആള് എ കെ ജി സെന്ററിന്റെ ഭിത്തിയിലേക്ക് സ്ഫോടന വസ്തു എറിയുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് എ കെ ജി സെന്ററില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന സി പി എം നേതാവ് പി കെ ശ്രീമതിയും ഓഫിസ് സെക്രട്ടറിയും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മന്ത്രിമാരും മുതിര്‍ന്ന സി പി എം നേതാക്കളും അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
