‘രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടിട്ടില്ല’: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ഭരണകക്ഷിയില്‍ പെട്ട വിദ്യാര്‍ഥി സംഘടന അടിച്ചു തകര്‍ത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി.

നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ടെന്നാണ് മറുപടി.

ഈ മാസം 15ന് സജീവ് ജോസഫ്, കെ ബാബു, സനീഷ് കുമാര്‍ ജോസഫ്, ഷാഫി പറമ്ബില്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനാണ് മറുപടി. വയനാട് എം.പിയുടെ ഓഫീസ് 2022 ജൂണ്‍ 24ന് ഭരണകക്ഷിയില്‍ പെട്ട വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലെ ആദ്യ വരി വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാണ്. എന്നാല്‍ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച്‌ വരുന്നതായും പറയുന്നു.

വിഷയത്തില്‍ ഉന്നയിച്ച മൂന്ന് ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. സംഘങ്ങളായി എത്തിയ പ്രവര്‍ത്തകര്‍ 50 മിനിട്ടോളം അതിക്രമം നടത്തിയ ശേഷമാണ് പുറത്തിറങ്ങിയതെന്നത് വസ്തുതയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം മറുപടിയില്‍ കൃത്യമായി പരാമര്‍ശിക്കുന്നില്ല. ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് ആരാണെന്ന് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ, വിശദമായ ഉത്തരം നല്‍കാമോ എന്ന മൂന്നാമത്തെ ചോദ്യത്തിനുള്ള മറുപടി 153 ഐ.പി.സി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നാണ്. ഇതും അന്വേഷണ പരിധിയിലാണെന്ന് മറുപടിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *