കൊതുകിനെ ബാക്ടീരിയ കൊല്ലും; പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച്‌ ഐസിഎംആര്‍

കൊതുകുകള്‍ പോലുള്ള പ്രാണികള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ഒരു ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ഇത്തരം പ്രാണി ജന്യ രോഗങ്ങളാണ് മൊത്തം പകര്‍ച്ചവ്യാധികളുടെ 17 ശതമാനവും. ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിന് പരിസ്ഥിതി സൗഹൃദ പരിഹാരവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) രംഗത്തെത്തി. ബാസിലസ് തുരിംഗിയാനിസിസ് ഇസ്രായേലിസിസ് (ബിടിഐ സ്ട്രെയിന്‍ വിസിആര്‍ബിബി-17) എന്ന ബാക്ടീരിയ ഉപയോഗിച്ചാണ് കൊതുകുനിയന്ത്രണം സാധ്യമാക്കുന്നത്.

ഐസിഎംആറിന്‍റെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച്‌ സെന്‍റര്‍ (വി.സി.ആര്‍.സി) വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ കൊതുകുകളെയും ഈച്ചകളെയും മാത്രമേ ലക്ഷ്യമിടൂ. അവ മറ്റ് പ്രാണികള്‍ക്കോ ജലജീവികള്‍ക്കോ മൃഗങ്ങള്‍ക്കോ നാശം വരുത്തുന്നില്ല.

ബിടിഐയില്‍ അടങ്ങിയിരിക്കുന്ന വിഷം കൊതുകിനുള്ളിലും ഈച്ചയിലും എത്തിയാല്‍, അത് അവരുടെ ആമാശയത്തിലേക്ക് പുറന്തള്ളപ്പെടുന്നു. മിനിറ്റുകള്‍ക്കുള്ളില്‍, ഇത് അവരുടെ വയറിനെ നശിപ്പിക്കുന്നു. നാളിതുവരെ രാസകീടനാശിനികള്‍ കൊതുക് നിയന്ത്രണത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അവ മണ്ണിനും വെള്ളത്തിനും ഹാനികരമാണ്. അവയില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനോഫോസ്ഫേറ്റുകള്‍ മണ്ണിലൂടെയും വെള്ളത്തിലൂടെയും മനുഷ്യരിലേക്ക് പ്രവേശിച്ചാല്‍ നാഡീവ്യൂഹത്തെ പോലും ബാധിക്കും. മാത്രമല്ല, കൊതുകുകള്‍ക്കും ഈച്ചകള്‍ക്കും ഈ രാസകീടനാശിനിക്കെതിരെ പ്രതിരോധശേഷി ലഭിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ബിടിഐ പോലുള്ള ജൈവ രീതികളിലേക്ക് തിരിയുന്നത്, വിസിആര്‍സി ഡയറക്ടര്‍ ഡോ സഞ്ജീവ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *