ഒരു ഭാഷയെയും ഒരു മതത്തെയും അടിച്ചേല്‍പ്പിക്കുന്നവര്‍ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു -സ്റ്റാലിന്‍

ചെന്നൈ: ഒരു ഭാഷയെയും ഒരു മതത്തെയും ഒരു സംസ്കാരത്തെയും അടിച്ചേല്‍പ്പിക്കുന്നവര്‍ ഇന്ത്യയുടെ ഐക്യത്തിന്റെ ശത്രുക്കളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം ഇന്ത്യയില്‍ സാധ്യമല്ല. ഇന്ത്യക്ക് ഒരു ദേശീയ ഭാഷയും സാധ്യമല്ല, കാരണം ഇന്ത്യയില്‍ നിരവധി ഭാഷകളുണ്ട്. ഒരു ഭാഷയെയും ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നവര്‍ നമ്മുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്, അവര്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശത്രുക്കളാണ്” അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരു മതം എന്നത് അംഗീകരിക്കാനാവാത്തതു പോലെ ഒരു ഭാഷ എന്നതും അംഗീകരിക്കാനാവില്ല.

വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഐക്യത്തോടെ ജീവിക്കാന്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയത് മുന്‍ പ്രധാനമന്ത്രി നെഹ്‌റുവാണ്. ഹിന്ദി ഒരിക്കലും അടിച്ചേല്‍പ്പിക്കില്ലെന്ന് അദ്ദേഹം അന്ന് ഉറപ്പുനല്‍കിയിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിനും നെഹ്‌റു പ്രാധാന്യം നല്‍കി. എന്നാല്‍ ഇപ്പോള്‍ 27 പ്രതിപക്ഷ എം.പിമാരെ പാര്‍ലമെന്റില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. പാര്‍ലമെന്റില്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നു.ഇന്ത്യക്ക് അഭിവൃദ്ധിയുണ്ടാകാനുള്ള ഏക മാര്‍ഗം ശക്തമായ സ്വയംഭരണ സംസ്ഥാനങ്ങളാണ്. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് നടക്കുന്നത് സ്വേച്ഛാധിപത്യ സ്വഭാവമാണ്. കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *