ജിദ്ദ: സൗദി അറേബ്യയില്‍നിന്ന് യാത്രപുറപ്പെട്ട യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം.
ജിദ്ദയില്‍നിന്ന് കൈറോയിലേക്കു പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ഷ്യന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
ഫ്ലൈനാസിന്റെ എക്സ്.വൈ 565 വിമാനത്തില്‍ ഞായറാഴ്ച ജിദ്ദയില്‍നിന്ന് കൈറോവിലേക്കു തിരിച്ച 26കാരിയാണ് വിമാനത്തിനകത്ത് പ്രസവിച്ചത്. തങ്ങളുടെ യാത്രക്കാരിലൊരാളായ യുവതിക്ക് പ്രസവവേദന തുടങ്ങിയെന്ന് അറിഞ്ഞതോടെ വിമാനജീവനക്കാര്‍ ഉടന്‍ പ്രഥമശുശ്രൂഷ നല്‍കുകയും വിമാനത്തിലുണ്ടായിരുന്ന ഡോക്ടറോട് സഹായം തേടുകയും ചെയ്തു. ഡോക്ടറുടെ പരിചരണത്തില്‍ വിമാനം കൈറോവിലെത്തുന്നതിനുമുമ്ബു തന്നെ പ്രസവം സാധാരണഗതിയില്‍ നടക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇരുവരുടെയും ആരോഗ്യനില നല്ല അവസ്ഥയിലാണെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു. കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടനെ ആംബുലന്‍സ് മെഡിക്കല്‍ സംഘം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തി. കൂടുതല്‍ പരിശോധനക്കായി ഇവരെ ആശുപത്രിയിലേക്കു മാറ്റി.
