കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. രാജ്യാന്തര വിപണിയിലും വില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വരുംദിവസങ്ങളില്‍ വില കൂടിയേക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഒക്ടോബര്‍ മുതല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 73200 രൂപയായിരുന്നു. ഈ മാസം ഒന്നിനാണ് ഈ വില ഈടാക്കിയത്. എന്നാല്‍ പിന്നീട് വലിയ വില മുന്നേറ്റം നടത്തി 75760 രൂപയില്‍ വരെ എത്തി. സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയും ഇതുതന്നെയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74440 രൂപയാണ് വില. 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 9305 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കില്‍ നിന്ന് ഇന്നത്തെ വിലയുമായി താരമത്യം ചെയ്യുമ്പോള്‍ 1200 രൂപയുടെ വര്‍ധനവ് മാത്രമാണുള്ളത്. എന്നാല്‍ എല്ലാ മാസവും ക്രമേണ വില കൂടി വരികയാണ് എന്നതും എടുത്തു പറയണം. എന്തുകൊണ്ടാണ് സ്വര്‍ണവില കൂടുന്നത് എന്ന് ചോദിച്ചാല്‍ രണ്ട് കാരണങ്ങളാണ് പ്രകടമായുള്ളത്. ഡോളര്‍ നിരക്ക് കുറഞ്ഞു വരുന്നു എന്നതാണ് ഒരു കാരണം. 97.86 എന്ന നിരക്കിലേക്ക് ഡോളര്‍ സൂചിക ഇടിഞ്ഞിരിക്കുകയാണ്. അതേസമയം, രൂപയുടെ മൂല്യം 87.42 ആകുകയും ചെയ്തു. ഡോളര്‍ നിരക്ക് ഇനിയും താഴ്ന്നാല്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കൂടിവരികയും സ്വര്‍ണവില വര്‍ധിക്കുകയും ചെയ്യും.
