വിദേശ യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഹോം സ്റ്റേ ഉടമ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശയുവതികളെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് സ്വത്തും പണവും കവരുന്ന യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം ആവാടുതുറ സൈലന്റ്വാലി ഹട്ട്‌സില്‍ വിവേക് നാഥ് (27) ആണ് പിടിയിലായത്. കോവളം ആവാടുതുറ ഭാഗത്ത് ഹോം സ്റ്റേ നടത്തുകയായിരുന്ന ഇയാള്‍ ഇവിടെ താമസത്തിനായി വരുന്ന വിദേശയുവതികളെ വശീകരിക്കുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും.

പൂര്‍ണമായി വലയില്‍ വീഴുന്ന യുവതികളില്‍ നിന്ന് ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുകകള്‍ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.
ഇങ്ങനെ ഹോളണ്ടുകാരായ രണ്ട് യുവതികളില്‍ നിന്ന് 11 ലക്ഷം രൂപയും 90,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും റഷ്യക്കാരായ മൂന്ന് പേരില്‍ നിന്ന് 3 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു.

തട്ടിപ്പിനിരയായ യുവതികള്‍ക്ക് പരസ്പരം ചതി മനസ്സിലായതോടെ അവര്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പിന് രൂപം നല്‍കുകയും പരാതി ഇ മെയിലായി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് കോവളം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ ഇയാളെ ഒളിത്താവളത്തില്‍ നിന്ന് കോവളം എസ്.ഐ. ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ വിദേശവനിതകളെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *