മിനിസ്‌റ്റേഡിയങ്ങളോ ഓഡിറ്റോറിയങ്ങളോ ഇല്ലാതെ ആനക്കയം പഞ്ചായത്ത് ഗോദയിലേക്ക്!

പഞ്ചായത്ത് രാജ്:

ആനക്കയം

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ഏറനാട് താലൂക്കിലാണ് ആനക്കയം ഗ്രാമപഞ്ചായത്ത്. മലപ്പുറം, മഞ്ചേരി നഗരസഭകളും പാണ്ടിക്കാട്, കീഴാറ്റൂര്‍, കൂട്ടിലങ്ങാടി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമപഞ്ചായത്ത് 45.23 ച.കി മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ആനക്കയത്താണ് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിച്ച റോഡുകളും, പാടെ നശിച്ചുപോയ പാലങ്ങളുടെ അവശിഷ്ടങ്ങളും ഇപ്പോഴുമിവിടെ ചരിത്രത്തിന്റെ മൂകസാക്ഷികളായി സ്ഥിതി ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, നാടുവാഴി പ്രഭുക്കള്‍ക്കും ഭൂജന്മിമാര്‍ക്കും എതിരായുള്ള 1921-ലെ, മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ആനക്കയം. അക്കാലത്തെ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഖാന്‍ ബഹാദൂര്‍ കെവി ചേക്കുട്ടിയെ, സമരസേനാനികള്‍ വെടിവെച്ചുകൊന്ന്, തല കുന്തത്തില്‍ നാട്ടി പ്രദര്‍ശിപ്പിച്ചിരുന്നു. അയാളുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച പുള്ളിയിലങ്ങാടിയിലെ പൊതുകിണര്‍ ഇന്നും ചരിത്രസ്മാരകമെന്ന പോലെ നിലനില്‍ക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ഒളിത്താവളമായിരുന്നു ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂര്‍ മല. ഈ പ്രദേശത്തു ഒളിവില്‍പോയ പോരാളികളെ പിടികൂടാന്‍ കഴിയാതിരുന്ന ബ്രിട്ടീഷ് പട്ടാളം, പൂക്കോട്ടൂര്‍ യുദ്ധത്തിനു ശേഷം, പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള ആര്യാപറമ്പില്‍ കുതിരവണ്ടിയില്‍ പീരങ്കി ഘടിപ്പിച്ച്, പന്തല്ലൂര്‍ മലയിലേക്കു വെടിവെച്ചതായി പറയപ്പെടുന്നു. പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി എന്ന ഗ്രാമവും ആനക്കയം പഞ്ചായത്തിലാണ് ഉള്‍പ്പെടുന്നു. പ്രധാന ആകര്‍ഷക കേന്ദ്രം ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രമാണ്. 23 വാര്‍ഡുകളും 43,283 ജനസംഖ്യയുമാണുളളത്. പുതുതായി ഒരു വാര്‍ഡുകൂടി ആകെ 24 വാര്‍ഡുകളായിട്ടുണ്ട്. 

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ മലപ്പുറം ബ്‌ളോക്കിലാണ് ആനക്കയം ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂര്‍ വില്ലേജെന്നും. 23 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. ഇതില്‍ 12 എണ്ണം സ്ത്രീകള്‍ക്ക് വേണ്ടിയും ഒരെണ്ണം പട്ടികജാതിക്കാര്‍ക്ക് വേണ്ടിയും സംവരണം ചെയ്തിരിക്കുന്നു.

ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 45.23 ച.കി.മീറ്ററാണ്. 2001-ലെ സെന്‍സസ്പ്രകാരം 43,284 വരുന്ന ജനസംഖ്യയില്‍ 21,097 പുരുഷന്‍മാരും, 22,187 സ്ത്രീകളും ഉള്‍പ്പെടുന്നു. പട്ടികജാതിക്കാരില്‍ 1374 പുരുഷന്മാരും 1367 സ്ത്രീകളുമുണ്ട്. പട്ടികവര്‍ഗ്ഗത്തില്‍പെട്ട രണ്ടുകുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഇവിടത്തെ ജനസാന്ദ്രത 957/ച.കി.മീറ്ററും സാക്ഷരത 73.86%വുമാണ്.ഹിന്ദു, മുസ്‌ളീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ വസിക്കുന്നു. പന്തല്ലൂര്‍ സെന്റ് പോള്‍സ് ചര്‍ച്ച്, ഇരുമ്പുഴി വിഷ്ണുക്ഷേത്രം, ആനക്കയം ജുമാമസ്ജിദ് തുടങ്ങി 13 ആരാധനാലയങ്ങളാണ് പഞ്ചായത്തില്‍ നിലകൊള്ളുന്നത്. മുട്ടിപ്പാലം നേര്‍ച്ചയിലും പള്ളിപ്പെരുന്നാളിലും, ക്ഷേത്രോല്‍സവങ്ങളിലുമെല്ലാം പഞ്ചായത്തുനിവാസികള്‍ ജാതിമത ഭേദമെന്യേ പങ്കുകൊള്ളുന്നു.

ഭൂപ്രകൃതി 

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഉത്ഭവിച്ച്, കിഴക്കു – പടിഞ്ഞാറ് ദിശയില്‍ ഒഴുകുന്ന കടലുണ്ടിപ്പുഴ, പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി ഉയര്‍ന്ന കുന്നുകളും സമതലങ്ങളും ചേര്‍ന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചെരിഞ്ഞ പ്രദേശം, സമതലം, പുഴയോരപ്രദേശം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കുരുമുളക്, കവുങ്ങ്, റബ്ബര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍. കടലുണ്ടിപ്പുഴയും മുപ്പതോളം വരുന്ന കുളങ്ങളുമാണ് ഇവിടുത്തെ ജലസ്രോതസ്സുകള്‍. പഞ്ചായത്തില്‍ നിരവധി തോടുകളുണ്ട്. കാരത്തോട്, അവുഞ്ഞിത്തോട്, പുളിക്കല്‍ തോട്, ഓളിക്കല്‍ തോട് എന്നീ തോടുകളേയും ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ പന്തല്ലൂര്‍മല ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. കുറുക്കക്കുന്ന്, കോട്ടമല, ഈര്‍പ്പനച്ചി, ആര്യാപറമ്പ്, മുണ്ടിക്കുളംകുന്ന്, വട്ടമ്മല്‍കുന്ന്, കുറവത്തലമല, കുമ്മിക്കാട്, നമ്പൂതിരിക്കാട്, എണങ്ങാംപറമ്പ്, നിരപ്പറമ്പ്, ആയിരംകുന്ന്, തൂവ്വക്കുന്ന്, വയപ്പാറമല എന്നിവയാണ് മറ്റു പ്രധാന കുന്നുകള്‍.[1].

പ്രധാന സ്ഥാപനങ്ങള്‍

ആനക്കയത്തുള്ള ആയുര്‍വേദ ആശുപത്രിയും, മുടിക്കോട് പിഎച്ച്‌സിയും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖല. പഞ്ചായത്തിനുള്ളില്‍ ആംബുലന്‍സ് സൌകര്യം ഇല്ലാത്തതിനാല്‍ മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ ആംബുലന്‍സ് സര്‍വ്വീസ് കേന്ദ്രങ്ങളാണിവിടെ ഈ സൌകര്യം ലഭ്യമാക്കുന്നത്. മൃഗസംരക്ഷണത്തിനായി കടംപോട് ഗവ: വെറ്റിനറി ആശുപത്രിയും വീട്ടിപ്പടിയില്‍ അതിന്റെ ഉപകേന്ദ്രവും പ്രവര്‍ത്തിക്കുന്നു.

കൃഷിഭവന്‍ ആനക്കയം

വിവിധമേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയും ഇരുമ്പുഴി,ആനക്കയം, പന്തല്ലൂര്‍ എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളും വനിതാ സഹകരണ സംഘങ്ങളും ഉള്‍പ്പെടുന്നതാണിവിടുത്തെ സാമ്പത്തിക മേഖല. കല്യാണങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആനക്കയത്ത് ഒരു കമ്മ്യൂണിറ്റി ഹാളും ഈ പഞ്ചായത്തില്‍ ഉണ്ട്. വൈദ്യുതിബോര്‍ഡ്, കൃഷിഭവന്‍ എന്നിവ ആനക്കയത്താണ് സ്ഥിതിചെയ്യുന്നത്. ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം, ഇവിടുത്തെ പ്രധാന മേഖലാ സര്‍ക്കാര്‍ ഓഫീസാണ്. കടമ്പോട്, ഇരുമ്പുഴി, പെരിമ്പലം, പാപ്പിനിപ്പാറ, ആനക്കയം, പന്തല്ലൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും, വില്ലേജ് ഓഫീസുകളും ആനക്കയത്തും പന്തല്ലൂരുമാണ്.

11 മുസ്ലിം ലീഗും 4 കോണ്‍ഗ്രസ് അംഗങ്ങളുമടങ്ങുന്ന് യുഡിഎഫ് ഭരണസമിതിയാണ് നിലവില്‍ ഭരിക്കുന്നത്. സിപിഐ എം 0-7 ഒരു സിപിഐ ഉം ഉള്‍പ്പെടുന്നതാണ് പ്രതിപക്ഷം. കായികരംഗത്തും സാംസ്‌കാരിക രംഗത്തും മികവുയര്‍ത്താവുന്ന പശ്ചാത്തലമുണ്ടായിട്ടും മിനിസ്റ്റേഡിയവും ഓഡിറ്റോറിയങ്ങളും നിര്‍മ്മിക്കുന്നില്ലെന്നത് കാലങ്ങളായി പൊതുജനങ്ങള്‍ക്കിടയില്‍ ഉയരുന്ന പരാതിയാണ്. മികച്ച പ്രതിപക്ഷ പ്രവര്‍ത്തനങ്ങളില്ലാത്തതതിനാല്‍ ഭരണസമിതിയുടെ അഴിമതി പുറത്തുവരാറില്ല

Leave a Reply

Your email address will not be published. Required fields are marked *