മലപ്പുറം: മാനവ മൈത്രിയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം ഓര്‍മ്മിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പാണക്കാട് തങ്ങള്‍ കുടുംബം സംഘടിപ്പിക്കുന്ന വാര്‍ഷിക മതമൈത്രി സമ്മേളനം ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. ജനുവരി 12ന് രാവിലെ പത്തുമണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ പാണക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രൈറ്റ് പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കാംപസിന്റെ ശിലാസ്ഥാപനവും ഉപരാഷ്ട്രപതി നിര്‍വഹിക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. ചടങ്ങില്‍ ‘സഹിഷ്ണുതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ഡോ. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ടീയ-മതനേതാക്കള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ഉച്ചക്ക് രണ്ടിന് ‘സഹിഷ്ണുതയുടെ രാഷ്ട്രീയം’ എന്ന പ്രേമയത്തില്‍ സെമിനാര്‍ നടക്കും. സെമിനാറില്‍ സ്വാമി അഗ്നിവേഷ്, മുന്‍കേരള ചീഫ് സെക്രട്ടറിയും കോളമിസ്റ്റുമായ ഡോ. ബാബുപോള്‍, മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റിയന്‍പോള്‍, സാഹിത്യകാരന്‍ കെ പി രാമനുണ്ണി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന അസഹിഷ്ണുത ഒരു സംവാദ വിഷയമായിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക ജീവിതത്തിലും രാഷട്ര നിര്‍മിതിയിലും സഹിഷ്ണുതയുടെയും മാനവിക സാഹോദര്യത്തിന്റെയും കാലിക പ്രസക്തി പുനര്‍വിചിന്തനം നടത്തുക എന്നതാണ് മൈത്രി സമ്മേളനത്തിലൂടെ തങ്ങള്‍ കുടുംബം ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, സ്‌ട്രൈറ്റ്പാത്ത് സിഇഒ ഹാരിസ് മടപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
