സമഗ്ര വികസനത്തിന് വിവരശേഖരണം: ജില്ലാ പഞ്ചായത്തംഗങ്ങള്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും

മലപ്പുറം: ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്‌കൂളുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. ജനുവരി 10 നകം അംഗങ്ങള്‍ അതത് ഡിവിഷനുകളിലെ സ്‌കൂളുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. വണ്ടൂര്‍ ഗേള്‍സ്, എടവണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

തിരൂര്‍- പെരിന്തല്‍മണ്ണ- നിലമ്പൂര്‍ ജില്ലാ ആശുപത്രികളുടെ നവീകരണം ഉള്‍പ്പെടെ പൊതുജനാരോഗ്യ സംരക്ഷത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. പട്ടികജാതി കോളനികളില്‍ റോഡ് നിര്‍മാണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഹോണറേറിയം ആനുപാതികമായി വര്‍ധിപ്പിക്കണമെന്നും പദവി എം.എല്‍.എ.മാര്‍ക്ക് തൊട്ടുതാഴെ ആക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2015-16 വാര്‍ഷിക പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക്തല അവലോകന യോഗങ്ങള്‍ ജനുവരി അഞ്ച്, ആറ് തീയതികളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടക്കും. യോഗത്തില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, അനിത കിഷോര്‍, അംഗങ്ങള്‍, സെക്രട്ടറി എ. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനാവിഷ്‌കൃത പദ്ധതിയിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും:

ജില്ലാ പഞ്ചായത്തുകള്‍ മുഖേന നടപ്പാക്കുന്ന സംസ്ഥാനാവിഷ്‌കൃത പദ്ധതികളിലേക്ക്
പരിഗണിക്കുന്നതിനായി ജില്ലയില്‍ നിന്ന് വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. 500 കോടി രൂപയാണ് 14 ജില്ലാ പഞ്ചായത്തുകള്‍ക്കുമായി ഈയിനത്തില്‍ സര്‍ക്കാര്‍ നീക്കിവെക്കുന്നത്. എടവണ്ണ വുഡ് പ്രോസസിങ് യൂനിറ്റ്, കാവനൂര്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ്, ആതവനാട് ജില്ലാ പൗള്‍ട്രി ഫാം വികസനം, കൃഷി ഫാമുകളുടെ വൈവിദ്യവത്കരണവും നവീകരണവും, സൗരോര്‍ജ പദ്ധതി വിപുലീകരണം, ഓരോ ഡിവിഷനിലെയും അഞ്ച് കോളനികളില്‍ വീതം ഹൈമാസ്റ്റ് വിളക്കുകള്‍,  പൊതുശ്മശാനങ്ങളുടെ സംരക്ഷണവും നവീകരണവും, പൊതുശൗചാലയങ്ങളുടെ നവീകരണം, ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ നാല് സാങ്കേതിക സ്ഥാപനങ്ങളുടെ വികസനം, ഓരോ ഡിവിഷനിലും ഓരോ മാതൃകാ അങ്കണവാടി, സ്‌കൂളുകളുടെ വികസന പ്രോജക്ടുകള്‍ തുടങ്ങിയ പദ്ധതികളാണ് പരിഗണനയ്ക്കായി നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *