മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ പടുക്ക വനമേഖലയില്‍ നവംബര്‍ 24 ന് നടന്ന വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കലക്ടറുമായ അമിത് മീണയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി നിയമങ്ങള്‍ പ്രകാരം അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവരില്‍ ജില്ലാ മജിസ്‌ട്രേറ്റ് തെളിവുകള്‍ ശേഖരിക്കും. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കാന്‍ താത്പര്യമുള്ള സംഘടനകളും വ്യക്തികളും ഡിസംബര്‍ 13 ന് വൈകീട്ട് അഞ്ചിനകം തെളിവുകള്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് നല്‍കണം. സത്യപ്രസ്താവനാ രൂപത്തിലുള്ളതും വ്യക്തമായ മേല്‍വിലാസത്തോട് കൂടിയതുമായ തെളിവുകള്‍ മൂന്ന് പകര്‍പ്പുകള്‍ വീതം സമര്‍പ്പിക്കണം. തെളിവുകള്‍ നല്‍കിയവരെ മുന്‍കൂര്‍ നോട്ടീസ് നല്‍കി ജില്ലാ കലക്ടര്‍ നേരില്‍ കേള്‍ക്കും.
