ദേശീയ റെക്കോഡ് മറികടന്ന് ബബിത

തേഞ്ഞിപ്പലം-  സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ആദ്യ ദിനം പിന്നിട്ടപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ഒന്നാം സ്ഥാനത്ത്. പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുന്നു. 54 പോയിന്റുകളുമായാണ് എറണാകുളം മെഡല്‍ വേട്ടയില്‍ മുന്നില്‍ നില്ക്കുന്നത്. അഞ്ച്  സ്വര്‍ണം, ഒന്‍പത് വെള്ളി, രണ്ട് വെങ്കല മെഡലുകള്‍ എറണാകുളത്തിന്റെ താരങ്ങള്‍ സ്വന്തമാക്കി. പാലക്കാട് ജില്ലക്ക് അഞ്ച് സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവുമാണ് ലഭിച്ചത്. കോഴിക്കോടിന് മൂന്നു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും ലഭിച്ചിട്ടുണ്ട്.
മൂന്ന് മീറ്റ് റിക്കോര്‍ഡുകളാണ് മേളയുടെ ആദ്യ ദിനം പിറന്നത്. ഇതില്‍ കുമരംപുത്തൂര്‍ കെ എച്ച് എസിലെ സി ബബിത ദേശീയ റെക്കോര്‍ഡ് സമയം മറികടന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഷോട്ട് പുട്ടില്‍ തിരുവനന്തപുരം സായിലെ മേഘ മരിയ മാത്യു പുതിയ മീറ്റ് റിക്കോര്‍ഡ് സ്ഥാപിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍  കോതമംഗലം മാര്‍ ബേസില്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അമല്‍ പി രാഘവ് പുതിയ മീറ്റ് റിക്കോര്‍ഡിനുടമയായി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒന്നാമതെത്തിയ ബബിത ദേശീയ റെക്കോര്‍ഡ് സമയം മറികടന്നാണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ രണ്ടാമതെത്തിയ  കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ തമ്പിയും ദേശീയ റെക്കോര്‍ഡ് സമയം മറികടന്നു.  18 ഇനങ്ങളിലാണ് ആദ്യ ദിനം ഫൈനല്‍ മത്സരം നടന്നത്.
മേളയുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ഒളിംപ്യന്‍ കെ. ടി ഇര്‍ഫാന്‍ ദീപശിഖ കൊളുത്തി. ഒളിംപ്യന്‍ പി ടി ഉഷ ഉള്‍പ്പെടെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങ് തുടങ്ങിയത്.
രണ്ടാം ദിനമായ ഇന്ന് 20 ഇനങ്ങളുടെ ഫൈനല്‍ മത്സരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *