അഴിമതിക്കാരുടെ ബുദ്ധിമുട്ട് വരുംദിവസങ്ങളില്‍ വര്‍ധിക്കും: പ്രധാനമന്ത്രി മോദി

മുംബൈ: സത്യസന്ധരല്ലാത്തവരുടെ ബുദ്ധിമുട്ടുകള്‍ വരുംദിവസങ്ങളില്‍ വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങള്‍ ആവശ്യപ്പെട്ട 50 ദിവസത്തിനുശേഷം സത്യസന്ധരായ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയും. എന്നാല്‍ അഴിമതിക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ വര്‍ധിക്കും മുന്നറിയിപ്പെന്നോണം മോദി പറഞ്ഞു. മുംബൈയില്‍ രണ്ടു മെട്രോ റെയില്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നുവെന്ന് മോദി ആവര്‍ത്തിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ അഴിമതിയെയും കള്ളപ്പണത്തെയും സ്വീകരിക്കില്ല. അധികാരത്തില്‍ എത്തിയതു മുതല്‍ അഴിമതിക്കെതിരായ ഞങ്ങളുടെ പോരാട്ടം ആരംഭിച്ചു. നവംബര്‍ എട്ടിന് ആ ചരിത്രപരമായ തീരുമാനവും ഉണ്ടായി.

നോട്ട് അസാധുവാക്കലിലൂടെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായതെന്ന് അറിയാം. എന്നാല്‍, അവര്‍ സര്‍ക്കാരുമായി സഹകരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ പലരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. പക്ഷേ, അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ് മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *