വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു

മോസ്‌കോ: ഞായറാഴ്ച 92 പേരുമായി കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ സൈനിക വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു. തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ കരിങ്കടലില്‍ നടന്ന പരിശോധനയിലാണ് ആദ്യ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ യഥാര്‍ഥ കാരണം അറിയാനാവുമെന്നാണ് കരുതുന്നത്. നേരത്തെ വിമാനത്തിന്റെ ഫ്യൂസിലേജ് എന്നു കരുതുന്ന ഭാഗം കണ്ടെത്തിയിരുന്നു. കരിങ്കടല്‍തീരത്തെ സുഖവാസ കേന്ദ്രമായ സോച്ചിയില്‍നിന്നു സിറിയയിലെ ലടാക്കിയയിലേക്കു പോയ ടിയു—154 വിമാനമാണു ടേക്ക് ഓഫിനുശേഷം മിനിറ്റുകള്‍ക്കകം കരിങ്കടലില്‍ തകര്‍ന്നുവീണത്. ഭീകരാക്രമണമല്ലെന്നും യന്ത്രത്തകരാറോ, പൈലറ്റിന്റെ പിഴവോ മറ്റു സാങ്കേതിക കുഴപ്പങ്ങളോ ആണ് ദുരന്തത്തിനു വഴിവച്ചതെന്നുമാണു നിഗമനം. റെഡ് ആര്‍മി ഗായകസംഘത്തിലെ 60 പേര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 92 പേരും മരിച്ചു. 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രതിരോധവകുപ്പിന്റെ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *