നേതൃത്വത്തിന് പരാതി നല്‍കും

കൊല്ലം: രാജ്‌മോഹന്‍ ഉണ്ണിത്താനെ കൊല്ലം ഓഫീസ് അങ്കണത്തില്‍ വച്ച് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ കെഎസ് യു–യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താനെതിരെ ശക്തമായി രംഗത്ത്. പ്രവര്‍ത്തകരായ ആര്‍എസ് അബീന്‍, വിനു മംഗലത്ത്, വിഷ്ണു വിജയന്‍, ബി.ശങ്കരനാരായണപിള്ള, എസ്.പി.അതുല്‍, എം.എസ്.അജിത്കുമാര്‍ എന്നിവരെയാണ് കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി പുറത്താക്കിയാലും തങ്ങള്‍ കെ.മുരളീധരനോടൊപ്പം നില്‍ക്കുമെന്ന് കെഎസ് യു ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു വിജയന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയെ പോലും ഉണ്ണിത്താന്‍ അധിക്ഷേപിച്ചിട്ടും ഉണ്ണിത്താനെതിരെ ചെറുവിരലനക്കാത്ത നേതൃത്വ നിലപാടിനെതിരെയും പുറത്താക്കപ്പെട്ടവര്‍ പ്രതിഷേധിച്ചു. തങ്ങള്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം ഹൈക്കമാന്‍ഡിന് പരാതി നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും സസ്‌പെന്‍ഷനിലായവര്‍ പറയുന്നു. തന്നെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാരോപിച്ച് ഈസ്റ്റ് പോലീസില്‍ വിഷ്ണു വിജയന്‍ പരാതി നല്‍കിയെങ്കിലും ആക്രമണം സംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *