സിനിമ സമരത്തിന് അയവില്ല

കൊച്ചി: നിര്‍മാതാക്കളും വിതരണക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന് എ ക്ലാസ് തീയറ്റര്‍ ഉടമകളും പ്രഖ്യാപിച്ചതോടെ മലയാള സിനിമ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഭീഷണിക്ക് വഴങ്ങേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗം തീരുമാനിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് മുന്നോട്ടുപോകാനാണ് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ തീരുമാനം. നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ സ്ഥാപിത താത്പര്യങ്ങളാണ് സിനിമ സമരത്തിന് കാരണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന വിജയ് ചിത്രം ഭൈരവയില്‍ സുരേഷ്‌കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് നായിക. സിനിമ സമരം തീര്‍ന്നാല്‍ ഈ ചിത്രത്തിന് 75 തീയറ്ററുകള്‍ മാത്രമേ റിലീസിന് ലഭിക്കൂ. സമരം മുന്നോട്ടുകൊണ്ടുപോയാല്‍ ഭൈരവ 225 തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്നും അതിന്റെ ഗുണം മകള്‍ക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് സുരേഷ്‌കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. സ്വന്തം താത്പര്യത്തിന് വേണ്ടി സുരേഷ്‌കുമാര്‍ സംഘടനയെ വഞ്ചിക്കുകയാണ്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയില്‍ പെട്ട പലരും ചിത്രം റിലീസ് ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. തങ്ങളുമായി സഹകരിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *