രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് സൂചന നല്‍കി ഉമ്മന്‍ ചാണ്ടി

കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ പുനസംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാടില്‍ തന്നെ. ഇതു സംബന്ധിച്ച സൂചന അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കി. യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ താന്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് തനിക്കും ഒരു പരാതിയുമില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. താന്‍ ഹൈക്കമാന്‍ഡിനോട് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ അനിഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിലപാട് അദ്ദേഹം ആവര്‍ത്തിച്ചത്. ഡിസിസി പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ എ ഗ്രൂപ്പിന് വേണ്ടത്ര പ്രാധിനിത്യം ലഭിച്ചില്ലെന്നും സംഘടന തെരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *