രോഗിയെ തല കീഴാക്കി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തൃശൂരില്‍ രോഗിയെ തലകീഴാക്കി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. പാലക്കാട് നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്ന രോഗി ഇന്നലെ മരിച്ചിരുന്നു.

വഴിയരികില്‍ പരിക്കേറ്റു കിടന്നയാളെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. രോഗിയുമായി ആശുപത്രിയിലെത്തിയ ഡ്രൈവര്‍ പിന്‍വാതില്‍ തുറന്ന് സ്ട്രെച്ചറിന്റെ ഒരു ഭാഗം നിലത്തും മറുഭാഗം ആംബുലന്‍സിലുമായി രോഗിയെ കിടത്തി രോഷം തീര്‍ക്കുകയായിരുന്നു.

സംഭവ സമയത്ത് രോഗിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. എണീറ്റു നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു രോഗി. ആശുപത്രിയിലെത്തിയ ശേഷം ഡ്രൈവര്‍ ശരീരത്തില്‍ മുഴുവന്‍ പരിക്കേറ്റ് അവശനായ രോഗിയോടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പ്രതികരിക്കാതിരുന്നതിനേത്തുടര്‍ന്നാണ് ഇയാളെ സ്ട്രെച്ചറില്‍ തലകീഴായി കിടത്തിയത്. ഈ രംഗത്തിന് സാക്ഷിയായവര്‍ ദൃശ്യം മൊബൈലില്‍ പര്‍ത്തി.

രോഗി മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവര്‍ മോശമായി പെരുമാറിയത്. അപകടത്തില്‍ പരിക്കേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *