ന്യൂഡല്‍ഹി: ഭരണഘടനാ ശില്പി ബി.ആര് അംബേദ്ക്കര്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്കിയ ആദരവ് മറ്റാരും നല്‍കിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. അടിച്ചമര്‍ത്തുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന പ്രധാനമന്ത്രി മോദിക്ക് ദളിതുകളെയും അംബേദ്ക്കറെയും ബഹുമാനിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളില്‍ തകര്‍ക്കപ്പെട്ട അംബേദ്ക്കര്‍ പ്രതിമകളുടെ ചിത്രം സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ബാബാ സാഹിബിനോട് ബിജെപിയും ആര്‍എസ്എസും ആദരവ് പ്രകടിപ്പിച്ചതിന്റെ കുറച്ച് ഉദാഹരണങ്ങളാണ് ഇതെന്നു ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. അംബേദ്ക്കര്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്കിയ ആദരവ് മറ്റൊരും നല്‍കിയിട്ടില്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. രാജ്യത്താകമാനം അംബേദ്ക്കറുടെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടതിന് പിന്നാലെയായിരുന്നു മോദിയുടെ ട്വീറ്റ്.
എന്നാല്‍ മോദിയുടെ അംബേദ്ക്കര്‍ പുകഴ്ത്തലിനു പിന്നാലെയും പ്രതിമ തകര്‍ക്കല്‍ ഉണ്ടായി. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തു. ഇതിനു പിന്നാലെയാണ് മോദിയെ പരിഹസിച്ച് രാഹുലിന്റെ ട്വീറ്റ്.
