ന്യൂഡല്‍ഹി: തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തുറന്നു പറയുകയും തെലുഗു ഫിലിം ഓഫ് കൊമേഴ്സിന് മുന്പില് തുണിയുരിഞ്ഞു പ്രതിഷേധിക്കുകയും ചെയ്ത നടി ശ്രീ റെഡ്ഡിക്കു പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്. തെലുങ്ക് സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചും ലിംഗ വിവേചനവും അന്വേഷിക്കണമെന്ന് തെലുങ്കാന സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. തുണിയുരിഞ്ഞ സംഭവത്തില്‍ കേസെടുത്ത സര്‍ക്കാര്‍ ശ്രീ റെഡ്ഡിയുടെ പരാതിയില്‍ നടപടിയെടുക്കാത്തതെന്തെന്ന് ചോദിച്ചു.
പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരന് അഭിറാം ദഗ്ഗുബട്ടി തന്നെ പീഡിപ്പിച്ചതായി ശ്രീ റെഡ്ഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനും നടന് റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയിലാണ് തുറന്നു പറഞ്ഞത്.
തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചിരുന്നു. ഇപ്പോള്‍ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം. അതാണ് കഴിഞ്ഞ 10- 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിക്കുന്നു.
ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടും തനിക്ക് പല സിനിമകളിലും അവസരം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. നേരത്തേയും ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നായകന്മാര്ക്കും എതിരെ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി രംഗത്തെത്തിയിരുന്നു.
