തന്റെ ഭാര്യയെ പരിഹസിച്ച ബ്രസീലിയന്‍ പ്രസിഡന്റിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

പാരിസ്: തന്റെ ഭാര്യയെ പരിഹസിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോയ്‌ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബോള്‍സോനാരോയുടെ പ്രവൃത്തി ബ്രസീലിലെ സ്ത്രീകള്‍ക്കാകെ അപമാനകരമാണെന്ന് മാക്രോണ്‍ പറഞ്ഞു.

ആമസോണ്‍ വനത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ബോള്‍സോനാരോയ്‌ക്കെതിരെ വിമര്‍ശനവുമായി മാക്രോണ്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബോള്‍സോനാരോ മാക്രോണിന്റെ ഭാര്യയെ പരിഹസിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പരാമര്‍ശം നടത്തിയത്.

കഴിഞ്ഞദിവസം ബോള്‍സോനാരോയുടെ അനുയായികളില്‍ ഒരാള്‍ മാക്രോണിന്റെ ഭാര്യ ബ്രിജിത്തിന്റെ ചിത്രവും ബോള്‍സോനാരോയുടെ ഭാര്യ മിഷേലിന്റെ ചിത്രവും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവും എന്തുകൊണ്ടാണ് മാക്രോണ്‍ ബോള്‍സോനാരോയെ ക്രൂശിക്കുന്നതെന്ന കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു.

66കാരിയായ ബ്രിജിത്തിനെക്കാള്‍ 29 വയസ്സ് കുറവാണ് മിഷേലിന്. ‘അയാളെ അവഹേളിക്കരുത് ഹ ഹ ഹ’ എന്നായിരുന്നു ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിനോടുള്ള ബോള്‍സോനാരോയുടെ പ്രതികരണം.ബോള്‍സോനാരോയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ബോള്‍സോനാരോയുടെ നടപടി അസാധാരണമാംവിധം മര്യാദയില്ലാത്തതും ദുഃഖകരമാണെന്നും മാക്രോണ്‍ പറഞ്ഞു. ജി-7 ഉച്ചകോടിക്കിടെ, സംഭവത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മാക്രോണ്‍ ഇങ്ങനെ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *