മോഡി ഭരണത്തിനെതിരെ അതിശക്തമായ ജനവികാരം: പി പി സുനീർ

മലപ്പുറം: മോഡി ഭരണത്തിനെതിരെ അതിശക്തമായ ജനവികാരം രാജ്യത്ത് അലയടിക്കുകയാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ. 2024 ലെ തെരഞ്ഞെടുപ്പ് ഈ ദുർഭരണതിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 10 മുതൽ 17 വരെ നടത്താനിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറം കെമിസ്റ്റ് ഭവനില്‍ നടന്ന സിപിഐ നേതൃത്വയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹം അതിന്റെ മൂർധന്യത്തിലാണ്. തെരഞെടുപ്പിൽ ഇൻഡ്യ സഖ്യത്തെ വിജയിപ്പിക്കാൻ കൂട്ടായ ശ്രമം വേണം. കേരളത്തിൽ എല്‍ഡിഎഫ് ബിജെപിയുടെ വർഗ്ഗീയ- ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനവികാരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 മുതല്‍ വിവിധ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലുട നീളം കാല്‍ നട പ്രചരണ ജാഥകൾ നടക്കും. യോഗത്തില്‍ സിപിഐ ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി, ജില്ല അസി. സെക്രട്ടറി ഇരുമ്പന്‍ സെയ്തലവി, മലപ്പുറം മണ്ഡലം സെക്രട്ടറി മുസ്തഫ കൂത്രാടന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *