കശ്മീര്‍: ഇന്ത്യയും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയും പാകിസ്താനുമിടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി ഈ വിഷയത്തില്‍ താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ട് തവണയും പാകിസ്താന്‍ പ്രധാനമന്ത്രിയുമായി മൂന്നു തവണയും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗുട്ടേറസ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാക്കുന്ന നിരവധി വിഷയങ്ങളുണ്ട്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍, കുല്‍ഭൂഷന്‍ ജാധവിന് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം തുടങ്ങിയവയൊക്കെ പരിഹരിക്കപ്പെടേണ്ടവയാണ്. ഇത്തരം വിഷയങ്ങള്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് അറിയിച്ചു.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഈ മാസം ആദ്യം നടന്ന അന്തര്‍ദേശിയ സാമ്ബത്തിക ഉച്ചകോടിയ്ക്കിടെ ഗുട്ടെറസും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *