കാഠ്മണ്ഡു: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.
പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ബെംഗളുരുവില്‍ നിര്‍മിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും
പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേപ്പാളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേപ്പാളിലെ വിവിധ വില്‍പനശാലകളില്‍നിന്നുള്ള സാമ്ബിളുകള്‍ പരിശോധിച്ചാണ് ഉത്തരാഖണ്ഡില്‍ ഉല്പാദിപ്പിച്ച ആറ് ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. ഈ മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി.
ഇവ ഇനി വില്ക്കാന് പാടില്ലെന്നും ചികിത്സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈനിക കാന്റീനുകളില്‍ നിന്നും നേരത്തെ പതഞ്ജലി ഉത്പന്നങ്ങള്‍ വിലക്കിയിരുന്നു.
