കലിക്കട്ട്:11 ബി.എഡ് കോഴ് സുകള്‍ക്ക് എന്‍സിടിഇയുടെ അംഗീകാരമില്ല

കല്‍പ്പറ്റ:  കോഴിക്കോട് സര്‍വകലാശാല നേരിട്ട് നടത്തുന്ന പതിനൊന്ന് സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ’ സ്ഥാപനങ്ങള്‍ക്കും എന്‍.സി.ടി.ഇയുടെ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍) അംഗീകാരമില്ലന്ന് കാണിക്കുന്ന വിവരവകാശ രേഖ ലഭിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റ് 1993 ലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ ആക്ട് അനുസരിച്ച് രൂപപ്പെട്ട ഈ ഏജന്‍സിയുടെ അംഗീകാരമില്ലാതെ ഭാരതത്തില്‍ ഒരു അധ്യാപക വിദ്യാഭ്യാസ കോഴ് സുകളും നടത്താന്‍ പാടില്ലെന്നിരിക്കെ ഇന്ത്യന്‍ പാര്‍ലമെന്റിനെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് കോഴിക്കോട് സര്‍വകലാശാല ബി.എഡ് കോഴ്‌സുകള്‍ അനധികൃതമായി നടത്തുന്നത്. ഇന്ത്യയിലെവിടേയും തന്നെ കോഴിക്കോട് സര്‍വകലാശാലയല്ലാതെ മറ്റൊരു സര്‍വകലാശാലയും എന്‍.സി.ടി.ഇയുടെ അംഗീകാരമില്ലാതെ അധ്യാപക വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.

വിവരാവകാശ പ്രവര്‍ത്തകനായ തിലകന്‍ എന്ന വ്യക്തിക്ക് ലഭ്യമായ രേഖയനുസരിച്ച് കോഴിക്കോട് സര്‍വകലാശാലയുടെ 11 കേന്ദ്രങ്ങള്‍ക്കും അംഗീകാരമില്ല. തൃശൂര്‍, കണിയാമ്ബറ്റ, മലപ്പുറം, മഞ്ചേരി, കൊടുവായൂര്‍, വലപ്പാട്, നാട്ടിക മുതലായ കേന്ദ്രങ്ങള്‍ക്ക് 2015 മുതലും ചക്കിട്ടപ്പാറ, വടകര, കോഴിക്കോട് മുതലായ കേന്ദ്രങ്ങള്‍ക്ക് 2009 മുതല്‍ക്കും എ.ന്‍.സി.ടി അംഗീകാരമില്ല.

ഈ 11 കേന്ദ്രങ്ങളും മറ്റ് സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും നോക്കിനടത്തുന്നതിനായി സര്‍വകലാശാലയില്‍ ഒരു ഡയറക്ടറേറ്റ് രൂപീകരിക്കുകയും ആയതിന്റെ ചുമതല സര്‍വകലാശാലയുടേ തന്നെ വടകരയിലുള്ള സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രൊഫസര്‍ പദവിയും പ്രിന്‍സിപ്പാള്‍ പദവിയും ചേര്‍ന്ന് വഹിക്കുന്ന വ്യക്തിക്ക് നല്‍കുകയായിരുന്നു. പതിനൊന്ന് സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗീകാരം വാങ്ങി നല്‍കേണ്ട ചുമതല ഇദ്ദേഹത്തിന് നല്‍കുകയും ചെയ്തു.

എന്നാല്‍ ഇദ്ദേഹം സര്‍വകലാശാലയെ കബളിപ്പിച്ചുകൊണ്ട് നിരവധി തവണ എന്‍.സി.ടി.ഇയുടെ ഡെല്‍ഹി, ബംഗളൂരു ആസ്ഥാനങ്ങളിലേക്ക് വിമാനയാത്ര നടത്തി സര്‍വകലാശാലയുടെ പണം ധൂര്‍ത്തടിച്ചതല്ലാതെ സ്ഥാപനങ്ങളുടെ അംഗീകാരത്തിനായോ ഉന്നമനത്തിനായോ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട് . രണ്ടു വര്‍ഷ ബി.എഡ്. പ്രോഗ്രാമിനെക്കുറിച്ചു അക്കാദമികമായും ഭരണപരമായും ഒന്നും തന്നെ അറിയാത്ത ഇദ്ദേഹത്തെ ഇത്തരം കാര്യങ്ങള്‍ ഏല്‍പിച്ചതിലും ദൂരുഹതയൂണ്ട്.

ഇദ്ദേഹത്തിനെതിരെ വടകര കേന്ദ്രത്തില്‍ പി.ടി.എ ഫണ്ട് ദുരുപയോഗം ചെയ്തതിനുള്ള പരാതിയില്‍ അന്വേഷണം നടത്തിവരുന്നു. ഈ തട്ടിപ്പുകളെ ചോദ്യം ചെയ്തതിന് പ്രസ്തുത കേന്ദ്രത്തിലെ ഓഫീസ് സ്റ്റാഫിനെ ഭീഷണിപ്പെടുത്തുകയും സ്വന്തം സ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റുകയും ചെയ്തു.

സര്‍വകലാശാല നടത്തുന്ന 11 കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന അധ്യാപകരില്‍ പലര്‍ക്കും എ.ന്‍.സി.ടി.
നിഷ് കര്‍ഷിക്കുന്ന യോഗ്യതകളില്ലാത്തതും പല കേന്ദ്രങ്ങള്‍ക്കും സ്വന്തമായി സ്ഥലമില്ലാത്തതും മറ്റ് അധ്യയന അധ്യാപനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാത്തതുമാണ് എ.ന്‍.സി.ടി. യുടെ അംഗീകാരം നേടുന്നതിന് തടസമായത്.

എ.ന്‍.സി.ടി.യുടെ താല്കാലിക അംഗീകാരം ഉണ്ടെന്ന് സര്‍വകലാശാലാ വി.സി. രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് മെംബര്‍മാര്‍ എന്നിവരേയും പൊതുജനത്തേയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിലവിലെ ഡയറക്ടര്‍ 2017 ലെ ബി.എഡ്. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്‍ സി ടി ഇ ഒരു കോഴ്‌സുകള്‍ക്കും താല്കാലിക അംഗീകാരം നല്‍കാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇതിനകം തന്നെ ഈ 11 കേന്ദ്രങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബിരുദം നേടിക്കഴിഞ്ഞു.

എന്നാല്‍ ഈ ബിരുദങ്ങള്‍ക്കൊന്നും തന്നെ അംഗീകാരമില്ല എന്നത് ഏറെ ആശങ്കാജനകമാണ്. ഇതോടെ ഈ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *