ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് കിടിലന്‍ മറുപടി നല്‍കി പോലീസ് ഉദ്യോഗസ്ഥ

ലക്‌നൗ: കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ഭീഷണിയുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കിയ പോലീസ് ഉദ്യോഗസ്ഥ സോഷ്യല്‍ മീഡിയയിലെ താരമായി.

ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ ഡിഎസ്പി ശ്രേഷ്ഠതാക്കൂര്‍ ആണ് ബിജെപിയുടെ ഭീഷണിക്ക് മുട്ടുമടക്കാതെ കൃത്യനിര്‍വഹണം നടത്തിയത്. ബിജെപിയുടെ ജില്ലാ നേതാവായ പ്രമോദ് ലോധിയുടെ വാഹന പരിശോധനയില്‍ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു.

നിയമലംഘനത്തിനുള്ള പിഴ ചുമത്തിയപ്പോള്‍ പ്രമോദ് ലോധി പൊലീസിനോട് അപമര്യാദയായി പെരുമാറി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റേഷനിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്രാവാക്യവുമായി മാര്‍ച്ച് ചെയ്തു. സംഭവത്തില്‍ ഇടപെട്ട ശ്രേഷ്ഠാ താക്കൂര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുന്നില്‍ മുട്ടു മടക്കാന്‍ തയ്യാറായില്ല.

തങ്ങള്‍ മുഖ്യമന്ത്രിയുടെ ആളുകളാണ് ഓര്‍മവേണം എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ ബി ജെ പി മുഖ്യമന്ത്രിയുടെ അടുത്തുപോയി വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതിവാങ്ങിക്കൊണ്ടു വന്നു തന്നാല്‍ താന്‍ ഡ്യൂട്ടിയില്‍ നിന്ന് പിന്മാറാമെന്ന് ശ്രേഷ്ഠ താക്കൂര്‍ പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ശ്രേഷ്ഠ താക്കൂറിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *