തൊഴിലുറപ്പ് പദ്ധതി 96,837 കുടുംബങ്ങള്‍ക്ക് തൊഴില്‍

മലപ്പുറം: 2015-16 ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12,771 പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ഇ.അഹമ്മദ് എം.പി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത 14,187 പ്രവൃത്തികളില്‍ 1,416 എണ്ണം പൂര്‍ത്തിയായി. 3,029 പേര്‍ 100 ദിനം പൂര്‍ത്തിയാക്കി. 96,837 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു.

ഇന്ദിരാ ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ വരെ 15 ബ്ലോക്കുകളിലായി 5,971 വീടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 3,929 വീടുകള്‍ പൂര്‍ത്തിയായി. പ്രധാന്‍ മന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ 113 പ്രവൃത്തികളിലായി 294.41 ദൈര്‍ഘ്യത്തില്‍ ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയിലുള്‍പ്പെടുത്തി 7,850 എ.പി.എല്‍.കുടുംബങ്ങള്‍ക്കും 67,171 ബി.പി.എല്‍. കുടുംബങ്ങള്‍ക്കും 608 സ്‌കൂളുകള്‍ക്കും 313 അങ്കണവാടികള്‍ക്കും കക്കൂസ് അനുവദിച്ചു.
റവന്യൂ വകുപ്പ് വഴി നടപ്പാക്കുന്ന ദേശീയ കുടുംബ സഹായ പദ്ധതിയില്‍ 129.10 ലക്ഷം ചെലവഴിച്ചു. കുടുംബത്തിന്റെ ഗൃഹനാഥന്‍ മരിച്ചത് മൂലം നിരാലംബരായ 649 കുടുംബങ്ങള്‍ക്ക് ധനസഹായം തുണയായി.

രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുത് യോജന (ആര്‍.ജി.വി.വൈ) പ്രകാരം 11 കെ.വി. ലൈന്‍ , 25 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍, എല്‍.റ്റി ത്രീ ഫേസ്- സിങ്കിള്‍ ഫേസ് ലൈനുകള്‍,ബി.പി.എല്‍. വൈദ്യുതി കണക്ഷനുകള്‍, എന്നിവയുള്‍പ്പെടെ 10360 പ്രവൃത്തികള്‍ വൈദ്യുതി വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാറാരോഗം ബാധിച്ച് കിടപ്പിലായ 12,266 രോഗികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനെ നടപ്പാക്കുന്ന സമഗ്ര പാലിയെറ്റീവ് പരിചരണ പദ്ധതി (പരിരക്ഷ) പ്രകാരം വീടുകളിലെത്തി പരിചരണം നല്‍കുന്നുണ്ട്.

കൂടാതെ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന, വാട്ടര്‍ അതോറിറ്റി മുഖേനെ നടപ്പാക്കുന്ന എ.ആര്‍.ഡബ്ള്‍.യു.എസ്.പി. കുടിവെള്ള പദ്ധതികള്‍,സിവില്‍ സപ്ലൈസ് വകുപ്പ് മുഖേനെ നടപ്പാക്കുന്ന അന്നപൂര്‍ണ, ,ട്രൈബല്‍ ഡവല്പ്‌മെന്റ് പ്രൊജക്ടുകള്‍, സാമൂഹിക നീതി വകുപ്പിന്റെ ശബ്‌ല, സൈക്കോ സോഷല്‍ പദ്ധതികള്‍, ദേശീയ ആരോഗ്യ ദൗത്യം, 18 വയസ് വരെയുള്ള കുട്ടികള്‍ക്കുണ്ടാകുന്ന 30 ഓളം പ്രധാന അസുഖങ്ങള്‍ക്ക് രാഷ്ട്രീയ ബാല്‍ സ്വാസ്ത്യ കാര്യക്രം, ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, അയേണ്‍ ഗുളിക വിതരണം, സാനിറ്ററി നാപ്കിന്‍ വിതരണം, കമ്മൂനിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, ആയുഷ്, ഭൂമിക പദ്ധതികള്‍ ജില്ലയില്‍ ഫലപ്രദമായി നടന്നു വരുന്നതായും യോഗം വിലയിരുത്തി.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.എല്‍. എ. മാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, പി. ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.ഡി. ഫിലിപ്പ്, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.പി. ഹൈദരാലി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *